കുമാരനാശാൻ
കുമാരനാശാൻ.
എൻ. കുമാരനാശാൻ
| |
---|---|
![]()
കുമാരനാശാൻ
ഇന്ത്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ | |
ജനനം | 12 ഏപ്രിൽ 1873 |
മരണം | 16 ജനുവരി 1924 (പ്രായം 50)
പല്ലന
|
തൊഴിൽ | കവി, തത്ത്വജ്ഞാനി. |
സ്വാധീനിച്ചവർ | ശ്രീനാരായണഗുരു |
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.
ജനനം, ബാല്യം
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചതാണ്. കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാന്റെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു.
കൗമാരം
അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി.
കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചു തീർക്കുമായിരുന്നു.
യൗവനം
കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ് “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.
ആശാന്റെ രചനകൾ
വീണപൂവ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വീണ പൂവ് എന്ന താളിലുണ്ട്.
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
“ |
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ- യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ | ” |
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു. വീണപ്പൂവ് എൻ. കുമാരനാശാൻ
1907 ഡിസംബറിൽ ആണ് കുമാരൻ ആശാൻ വീണപൂവ് 'മിതവാദി' പത്രത്തിൽ പ്രസിദ്ധീകരിച്ചത്.മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം സ്വപ്നങ്ങളെക്കുറിച്ച് ആയിരത്തിൽ കൂടുതൽ വാക്കുകളിൽ വർണിച്ചു "ഹാ" എന്ന് തുടങ്ങി "കഷ്ടം" എന്ന് അവസാനിക്കുന്ന ഈ കവിത മനുഷ്യ ജന്മത്തിൽ പ്രതിഫലനം തന്നെയാണ്.മഹാകവി കുമാരനാശാൻ സുന്ദരമായ ഒരു പുഷ്പം കൊഴിഞ്ഞു തറയിൽ വീണു കിടക്കുന്നത് കണ്ടപ്പോൾ ഉണ്ടായ വിഷാദത്തിൽ നിന്നും ഉടലെടുത്തതാണ് ഈ കവിത.നാമൊക്കെ കൊഴിഞ്ഞു കിടക്കുന്ന പുഷ്പങ്ങൾ കാണുമ്പോൾ ഒരു നിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും അതിനെ ഇത്രയധികം ഭാവന ചാർത്തി വർണിക്കാൻ മഹാകവികൾക്കെ സാധ്യമാകൂ.
നളിനി
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നളിനി എന്ന താളിലുണ്ട്.
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണു്.
“ |
തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ | ” |
ലീല
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ലീല എന്ന താളിലുണ്ട്.
“നളിനി”യിലെ നായികാനായികരിൽനിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
ചണ്ഡാലഭിക്ഷുകിയും കരുണയും
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചണ്ഡാലഭിക്ഷുകി എന്ന താളിലുണ്ട്.
ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കരുണ എന്ന താളിലുണ്ട്.
വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.
കവിതയിലെ ഒരു ശകലം:
“ |
അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. | ” |
ദുരവസ്ഥ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദുരവസ്ഥ എന്ന താളിലുണ്ട്.
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. [1]
പ്രരോദനം
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പ്രരോദനം എന്ന താളിലുണ്ട്.
ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.
മറ്റു കൃതികൾ
കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments
Post a Comment